April 30, 2014

കുഞ്ഞിക്കുരുവിയും സ്വര്‍ണ്ണക്കൂടും

കുഞ്ഞിക്കുരുവിക്കും തോന്നി സ്വന്തമായൊരു കൂട് വേണമെന്ന്, അവനും വീട്ടുകാരും കൂട്ടുകാരും ഒക്കെ ചേര്‍ന്നൊരു കൂട് ഉണ്ടാക്കാന്‍ ശ്രമിച്ചു, എന്നാല്‍ അവരുടെ പ്രയത്നങ്ങള്‍ എല്ലാം പരാജയപ്പെട്ടു.

അവന്‍ സങ്കടത്തോടെ ദൈവത്തോട് പ്രാര്‍ത്തിച്ചു തനിക്കും ഒരു കൂട് തരുമോ എന്ന്. "നിനക്ക് ഒരു സ്വര്‍ണ്ണക്കൂട് ഞാന്‍ തരും" ദൈവം മറുപടി പറഞ്ഞു. അവനത് വിശ്വസിക്കാനേ പറ്റിയില്ല. "പിന്നെ സ്വര്‍ണ്ണക്കൂട്; ഒരു മരച്ചില്ലയില്‍ കൂടൊരുക്കാന്‍ കഴിയാത്ത എനിക്ക് സ്വര്‍ണ്ണക്കൂട് തരാമെന്ന്!" അവന്‍ അത് വിശ്വസിച്ചില്ല.

കാലം കുറെ കഴിഞ്ഞു. സ്വര്‍ണ്ണക്കൂടിന്റെ കാര്യമൊക്കെ അവന്‍ മറന്നു. അങ്ങനെ ഇരിക്കെ മനോഹരമായ ഒരു കൂടിന്റെ ഉടമസ്ഥന്‍ അവനെ ആ കൂട്ടിലെയ്ക്ക് ക്ഷണിച്ചു. "സ്വര്‍ണ്ണമൊന്നും അല്ലെങ്കിലും സംഗതി കൊള്ളാം" അവന്‍ ഓര്‍ത്തു. ആ മനോഹരമായ കൂട് അവനു വളരെ ഇഷ്ടമായി. ആ കൂടിനും അവനെ വളരെയധികം ഇഷ്ടപ്പെട്ടു..

അങ്ങനെയിരിക്കെയാണ് ഒരു സ്വര്‍ണ്ണക്കൂടിന്റെ ഉടമസ്ഥന്‍ അവനെ കണ്ടത്. അദ്ദേഹവും അവനെ ക്ഷണിച്ചു. ദൈവത്തെക്കുറിച്ചും പഴയ വാഗ്ദാനത്തെക്കുറിച്ചും അവന്‍ ഓര്‍ത്തു. അച്ഛന്‍ കുരുവിയും അമ്മക്കുരുവിയും കൂട്ടുകാരും കിട്ടിയതുകൊണ്ട് തൃപ്തിയാകാന്‍ പറഞ്ഞു. തനിക്ക് ദൈവം തന്ന വാഗ്ദാനത്തെക്കുറിച്ച് അവരോടു പറഞ്ഞപ്പോള്‍ അവര്‍ അവനെ വിലക്കിയില്ല.

അതിസന്തോഷത്തോടെ അവന്‍ ആ സ്വര്‍ണ്ണക്കൂട് തേടിപ്പോയി. അവനു കൂടും കൂടിനു അവനെയും ഇഷ്ടമായി. പക്ഷെ ഉടമസ്ഥന്‍ അവനുവേണ്ടി ആ കൂട് തുറന്നുകൊടുത്തില്ല. അവന്‍ വീണ്ടും സങ്കടപ്പെട്ടു. ആ സ്വര്‍ണ്ണക്കൂടിനും വലിയ ആഗ്രഹമുണ്ടായിരുന്നു ഒരു കുരുവിയെങ്കിലും തനിക്ക് കൂട്ടായിട്ടുണ്ടായിരുന്നെങ്കില്‍ എന്ന്. രണ്ടു പേരും പരസ്പരം ആശ്വസിപ്പിച്ചു. സ്വര്‍ണ്ണക്കൂട് സ്വന്തമാക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ കൂട്ടുകാരായി. അവനും തിരിച്ചറിഞ്ഞു അര്‍ഹിക്കുന്നതേ ആഗ്രഹിക്കാവൂ എന്ന്.

ദൈവം നല്‍കി എന്ന് അവനു തോന്നിയ വാഗ്ദാനത്തെക്കുറിച്ച് ഇപ്പോള്‍ അവന്‍ ഓര്‍ക്കാറില്ല. ഇടയ്ക്കിടെ അവന്‍ ആ സ്വര്‍ണ്ണക്കൂട് സന്ദര്‍ശിക്കും, ആ സ്വര്‍ണ്ണക്കൂടുമായുള്ള കൂട്ടെങ്കിലും ദൈവം തന്നല്ലോ എന്ന് വിചാരിച്ച് അവന്‍ സന്തോഷിച്ചു.

ഒന്നിനും അവനെ നിരാശനാക്കാന്‍ കഴിഞ്ഞില്ല. കാരണം ദൈവം തന്റെ കൂടെയുണ്ടെന്ന് അവന്‍ വിശ്വസിക്കുന്നു. ദൈവം തനിക്ക് സ്വന്തമായി നല്‍കിയെക്കാവുന്ന  കൂടിലും സ്വര്‍ണ്ണക്കൂടുമായുള്ള സൌഹൃദത്തിലും അവന്‍ തൃപ്തനാകുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം എന്ന് സ്വര്‍ണ്ണക്കൂട് അവനോടു പറഞ്ഞു.എല്ലാം ദൈവഹിതപ്രകാരം ആവട്ടെ എന്നായിരുന്നു പണ്ടേ അവന്റെ പ്രാര്‍ത്ഥന.

No comments:

Post a Comment

Note: Only a member of this blog may post a comment.